ബാലഗോകുലവും ഞാനും

എന്താണ് സ്വാതന്ത്ര്യം ?

ബാലഗോകുലം സംസ്ഥാനസമ്മേളനം ഉദ്ഘാടകനായി  അതിന്റെ സംഘാടകർ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ,ഞാൻ നിങ്ങളുമായി പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുള്ള ആളാണ് ,ക്ഷണിക്കാൻ വന്നവർ പറഞ്ഞു .അത് ഞങ്ങൾക്കറിയാം അതുകൊണ്ട് കൂടിയാണ് താങ്കളെ  ക്ഷണിക്കുന്നത് ;അതെനിക്കിഷ്ടമായി.
ബാലഗോകുലത്തിന്റെ ഉദ്ഘാടകനാകുന്നതിനെപ്പറ്റി എന്നെക്കാൾ വിവരമുള്ള എന്റെ സുഹൃത്തുക്കളോട് ഞാൻ ചോദിച്ചു.അവർ പറഞ്ഞു,സ്വന്തമായി അഭിപ്രായമുള്ളവർക്ക് ആരുടെ വേദിയിലും അത് പ്രകടിപ്പിക്കാം ,അതിനുള്ള സ്വാതന്ത്ര്യം അവർ തരുന്നുണ്ടല്ലോ,പിന്നെന്ത് ?
എന്നെപ്പോലുള്ളവർ പലരും ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിക്കുന്ന ഒരടവുണ്ട് ‘അയ്യോ ആ ദിവസം എനിക്ക് ഷൂട്ടിംഗ് ഉണ്ട് ,അല്ലെങ്കിൽ ഞാൻ വിദേശത്തായിരിക്കും’ എന്നൊക്കെ .അത്തരം നുണകൾ എനിക്ക് പതിവില്ല.അതിനാൽ ഞാൻ അത് സന്തോഷത്തോടെ ഏറ്റു .
ഉദ്ഘാടനച്ചടങ് എന്നത് നിലവിളക്ക് കൊളുത്തിയിട്ടായിരിക്കും എന്നു കരുതിയ എനിക്ക് തെറ്റി .ശ്രീകൃഷ്ണ വിഗ്രഹത്തിൽ തുളസിമാല അണിയിച്ചാണ് ഉദ്ഘാടനം എന്ന് അല്പം സങ്കോചത്തോടെ അവർ എന്നോട് പറഞ്ഞപ്പോൾ എനിക്കത് നല്ല രസമായിട്ടാണ് തോന്നിയത് .വിവാഹത്തിനു എന്റെ ഭാര്യയെ മാലയിട്ടതല്ലാതെ മറ്റാരെയും ഞാൻ മാലയിട്ടതായി ഓർമ്മയില്ല .പലരെയും മാലയിട്ടാലോ എന്ന ആലോചിച്ചിരുന്നുവെന്നത് വേറെകാര്യം .ഏതായാലും ശ്രീകൃഷ്ണനെ മാലചാർത്തുന്ന ചിത്രം ജീനികെട്ടിയ ട്രോളന്മാർക്ക് ആഘോഷിക്കുവാൻ വകയായി ;എനിക്കാണെങ്കിൽ അത് പുല്ലുമായി.
ശ്രീകൃഷ്ണൻ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ ചൊല്ലിയ ദാർശനികനായ  കൃഷ്ണനെയാണ് ഞാൻ മാലയിട്ടത് എന്ന് തുടങ്ങിയായിരുന്നു  എന്റെ ഉദ്ഘാടനപ്രസംഗം.(പ്രസംഗം മുഴുവനായി കിട്ടാൻ ഏഷ്യാനെറ്റിലെ ബിനു രാജിനെ ബന്ധപ്പെടുക )
ധർമ്മാധർമ്മങ്ങളുടെ യുദ്ധഭൂമിയിൽ നിൽക്കുന്ന അർജ്ജുന വിഷാദത്തെ മറികടക്കാനും ധർമ്മത്തിന്റെ/നീതിയുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനും  അർജ്ജുനനെ പ്രേരിപ്പിച്ച ഗീഥാകാരൻ ഉയിർകൊടുത്ത ശ്രീകൃഷ്ണൻ എന്ന ദാർശനിക കഥാപാത്രത്തെ ആദരിച്ചാൽ
ഒരാൾ ഒലിച്ചുപോകുമോ?എഴുത്തുകാരി കമലാദാസിനെ ആദരിക്കാം എന്നാൽ അവരുടെ ശ്രീകൃഷ്ണ സങ്കൽപ്പത്തെ മാറ്റി നിർത്തണം എന്ന് പറയുന്നതിലെ പൊള്ള യുക്തി തന്നെയാണിതും.നമ്മുടെ മുൻ വിദ്യാഭ്യാസമന്ത്രി (വിദ്യാഭ്യാസത്തിന്റെ ഗതി നോക്കണേ!) ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താൻ പറ്റില്ലെന്നും അത് തന്റെ മത വിശ്വാസത്തിനെതിരാണെന്നും പറഞ്ഞു വെളിച്ചത്തിനു പുറം തിരിഞ്ഞു നിന്നപ്പോൾ അതെ മതത്തിൽ വിശ്വസിക്കുന്ന എന്റെ സഹപ്രവർത്തകൻ കൂടിയായ ശ്രീ മമ്മുട്ടി വേദിയിൽ വെച്ചുതന്നെ മന്ത്രിയുടെ നിലപാടിനെ വിമർശിച്ചത് ഞാൻ ആത്മഹർഷത്തോടെയാണ് ഓർക്കുന്നത് .വൈരുദ്ധ്യാത്മക  ഭൗതിക വാദം അരച്ച് കലക്കി കുടിച്ച മാർക്സിസത്തിന്റെ തലതൊട്ടപ്പന്മാരായ നമ്മുടെ ദേവസ്വം മന്ത്രിമാരും മറ്റു വിപ്ലവകാരികളും ഗുരുവായൂരും ശബരിമലയിലും ‘വിനയാന്വിത കുനീരരായി’ (പേടിക്കേണ്ട പുതിയ വാക്കാണ് – എന്റെ ചങ്ങാതി കണ്ടുപിടിച്ചത് ) നിൽക്കുന്നതും പ്രസാദം വാങ്ങിച്ചു മിണുങ്ങന്നതും നാം കണ്ടു പഠിക്കേണ്ടതാണ് .അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ,അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വേദികൾ വേണം .
ഏതെങ്കിലും കലാകാരൻ എന്റെ സിനിമ എന്റെ പാർട്ടിക്കാർ മാത്രം കണ്ടാൽ മതി എന്ന് ആഗ്രഹിക്കുമോ ? ശുദ്ധകള്ളത്തരമല്ലേ അത് ?
എല്ലാവർക്കും തങ്ങളുടെ സിനിമകൾ എല്ലാവരും കാണണം എന്ന് തന്നെയാണ് ഉള്ളിലിരുപ്പ് .അത് പുറമെ കാണിക്കുന്നില്ലെന്ന് മാത്രം .അതുപോലെതന്നെയാണ് നമ്മളെ സ്നേഹിക്കുന്നവർ,നമ്മളിലെ കലാകാരനെ ആദരിക്കുന്നവർ നമ്മളെ കേൾക്കാൻ ,അതും നമ്മുടെ അഭിപ്രായം വ്യത്യസ്തമാണെങ്കിൽകൂടി ,തയാറായി നമ്മളെ ക്ഷണിക്കുമ്പോൾ  പുറംതിരിഞ്ഞ് നിൽക്കുകയാണോ വേണ്ടത് ?

 

ക്യാംപസ് കുരുതിക്കളമായി മാറുമ്പോൾ

രാഷ്ട്രീയാഭിപ്രായത്തിന്റെ പേരിൽ നിങ്ങൾക്ക് ആശയപരമായി ഒരാളെ എതിർക്കാം എന്നാൽ അതിനെ ശാരീരികമായി നേരിടുമ്പോൾ അത് ആധുനിക ലോകത്ത് മാപ്പർഹിക്കാത്ത കുറ്റകൃത്യമായി മാറുന്നു .
ഒരു ചുമരിന്ന് വേണ്ടിയുള്ള ബലപ്രയോഗമായി ഈ അരുംകൊലയെ ചുരുക്കിക്കാണരുത്.
കൃത്യമായും ക്യാംപസുകളിലേക്ക്  വേരുറപ്പിക്
കാൻ ശ്രമിക്കുന്ന വർഗ്ഗീയത വമിക്കുന്ന വിഷസർപ്പങ്ങളുടെ ശീൽക്കാരമാണത് .
ഒരു ഇരുപതു വയസ്സുകാരൻ,
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവൻ
തികച്ചും ദരിദ്രമായ ചുറ്റുപാടിൽ
കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന മാതാപിതാക്കൾ പ്രതീക്ഷയർപ്പിച്ചവൻ
വളർന്ന് വന്നു ഒരു കുടുംബത്തിന് താങ്ങും തണലുമാകേണ്ട കുട്ടി 
മതഭ്രാന്തിന്റെ ഇരയാകുക എന്നത് തികച്ചും ക്രൂരമാണ്;പൈശാചികവുമാണ് .
വിദ്യാർത്ഥിരാഷ്ട്രീയം വിദ്യാർത്ഥികളുടെ മാത്രമാണ്.അത് ക്യാംപസികത്ത് 
അവർ തന്നെ പരിഹരിച്ചുകൊള്ളും. അല്ലാതെ കലാലയത്തിനു വെളിയിൽ നിന്നും
വന്ന്  കൊലക്കത്തിക്ക് ഇരയാക്കുന്നവർക്ക് തൂക്കുകയർ വിധിക്കുന്ന  രീതിയിൽ നമ്മുടെ നിയമം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു –
കേരളത്തിലെ ചിന്തിക്കുന്ന സാമൂഹ്യപ്രവർത്തകർ ഇതിനു വേണ്ടി ശബ്ദം ഉയർത്തേണ്ട സമയമായിരിക്കുന്നു –
അഭിമന്യു എന്ന ഇരുപതുകാരനെ ചക്രവ്യൂഹത്തിലാക്കി വധിച്ചതിന് പിന്നിലുള്ള ലക്‌ഷ്യം മറ്റൊന്നാണ് –
കുട്ടികൾക്കിടയിൽ മതത്തിനെ മുൻ നിർത്തി സ്പർദ്ധയുണ്ടാക്കുക;
തമ്മിൽതല്ലിക്കുക-
അതെ ഇനി സംഭവിക്കാൻ പോകുന്നത് അതാണ്-
ഇതിലൂടെ കൊലയാളികൾ ലക്‌ഷ്യം വെക്കുന്നത് എന്താണ് ?
തങ്ങളുടെ മതതീവ്രവാദ സംഘടയെ വളർത്തി വലുതാക്കാമെന്നോ ?
അതിന്റെ ബലിയാടായതോ അഭിമന്യു
എന്ന ഇരുപതുകാരൻ.
മതാന്ധതയാൽ മസ്തിഷ്‌കം മരവിച്ചിട്ടില്ലാത്ത വിദ്യാർത്ഥി  സമൂഹം
ഭാവിയെ അന്ധകാര ജഡിലമാക്കുന്ന ഇത്തരം സംഘടനകൾക്കെതിരെ ഒന്നിക്കുകയാണ് വേണ്ടത്.
കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയും രക്തം ഒഴുകാൻ പാടില്ല എന്ന കാര്യത്തിൽ സമൂഹം പ്രതികരിക്കേണ്ടിയിരിക്കുന്നു.
സാമൂഹ്യമായ ഒറ്റപ്പെടുത്തലിലൂടെമാത്രമേ  
ഇത്തരം കൊലയാളിസംഘങ്ങളെ കടിഞ്ഞാണിടാന് പറ്റൂ .

 

 

പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും


കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു ക്രിസ്ത്യൻ വികാരി (പുരോഹിതൻ എന്ന അർത്ഥത്തിൽ അല്ല ,വികാരങ്ങൾ ഉള്ളവൻ എന്ന അർത്ഥത്തിൽ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതിൽ ജനിച്ച കുഞ്ഞിനെ പെൺകുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്ഷമായിക്കാണും .പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചർച്ച ചെയ്തതുമാണ് .ആ അവസരത്തിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ നാണക്കേടുണ്ടെന്നും പള്ളി വികാരിമാർ ഒന്നുകിൽ വിവാഹം ചെയ്ത കുടുംബമായി ജീവിക്കുകയോ അല്ലെങ്കിൽ വന്ധ്യംകരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ എഴുതിയിരുന്നു . വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ(!) എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു .
വന്ധ്യംകരിക്കുക എന്ന് വെച്ചാൽ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലർ പ്രചരിപ്പിക്കുക വരെയുണ്ടായി ,
മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാൻ കൊട്ടാരങ്ങളും സഞ്ചരിക്കാൻ ആഡംബരകാറും കൂടി ആകുബോൾ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാൻ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും ,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവർ അതായിക്കൊള്ളട്ടെ ,അതിൽ ഒരു തെറ്റുമില്ല .അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തിൽ വലിയ ചർച്ചയായതിൽ ഞാൻ സന്തോഷിക്കുന്നു . കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതൻ എനിക്ക് ദീർഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തൻ വക്കീൽ എനിക്ക് വക്കീൽ നോട്ടീസും അയക്കുകയുണ്ടായി.രണ്ടും രസകരമായിരുന്നു .
ഇതിനൊക്കെ പുറമെ ന്യൂസിലാന്റിൽ നിന്നും നഴ്‌സിന്റെ ഭർത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാൻ അവിടെയെങ്ങാനും ചെന്നാൽ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതിൽപ്പിന്നെ ഞാൻ ആവഴിക്കു പോയിട്ടില്ല (കാരണം ഞാൻ സ്ഥിരമായി ചായകുടിക്കാൻ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് )ആസ്‌ത്രേലിയയിൽ ഒരു പരിപാടിയിൽ പങ്കെടുവാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്ന ചിലർ ഞാൻ സഭയെ അവഹേളിച്ച ആളായതിനാൽ പരിപാടി ക്യാൻസൽ ചെയ്തു.( ഹോ ഞാനാകെ തകർന്നുപോയി)
എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനിൽ നിന്നും സാക്ഷാൽ പോപ്പിന്റെ പ്രഖ്യാപനം വന്നു .
പുരോഹിതർ വിവാഹാം കഴിക്കാം എന്ന് .
അതും ഇവിടത്തെ സഭകൾ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ .പരിണിത ഫലമോ കുബസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാർ ചേർന്ന് പീഡിപ്പിച്ചു എന്ന ഭർത്താവിന്റെതന്നെ പരാതി ജന്മ മുഴുവൻ കേട്ടു . അതിന്റെ ചൂടാറും മുബേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗീക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു.ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകൾക്കായി ജന്മ കാതോർത്തിരിക്കുന്ന വേളയിൽ പറയൂ ഞാൻ പറഞ്ഞത് തെറ്റാണോ ?