ദൈവത്തിന്റെ തൊപ്പി ആർക്കാണ് പാകം?

buy now
സഖാവെ നമ്മൾ നാടകം കളിക്കുന്നു. കാരണം നമ്മൾ കലാകാരന്മാരാണ്. നമ്മൾ കലാകാരന്മാരാണ് എന്നതുകൊണ്ട് തന്നെ നാം കലാപകാരികളുമാണ്. ആണ് എന്നല്ല ആയെ പറ്റൂ. അനീതി കണ്ടാൽ അത് അനീതിയാണെന്ന് പറയുന്നവനാണ് കലാകാരൻ. അതുകൊണ്ടു തന്നെ അനീതിയുടെയും നീതിയുടെയും രാഷ്ട്രീയം നമുക്ക് മുന്നിൽ വരുന്നു. ശിശു എന്ന നാടകത്തിലെ ഈ വരികളിൽ നിന്നാണ് സിവിക് ചന്ദ്രൻ, ജോയ് മാത്യുവിന്റെ ദൈവത്തിന്റെ തൊപ്പി എന്ന നാടക സമാഹാരത്തിനു അവതാരിക കുറിച്ച് തുടങ്ങുന്നത്.

ഈ വാചകങ്ങൾ ഒരുപക്ഷേ ഈ നാടകസമാഹാരത്തിൽ ഉടനീളം പ്രതിഫലിക്കുന്നത് കൊണ്ടുതന്നെയാകണം ഈ വാക്കുകൾക്ക് അവതാരികയിൽ ഇത്ര പ്രസക്തി വന്നതും. ജോയ് മാത്യു എന്ന വ്യക്തി ഒരു സാധാരണ സിനിമാ നടനോ സംവിധായകനോ മാത്രമായി നിൽക്കാത്തതും ഇതേ നിലപാടുകളോട് ആഭിമുഖ്യമുള്ളതുകൊണ്ടു തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ നാടകങ്ങളിൽ കൃത്യമായുള്ള ചില ബിംബങ്ങളുണ്ട്, ഹൃദയം മുറിഞ്ഞൊഴുകുന്ന രക്തത്തിന്റെ രൂപകങ്ങൾ ഈ സമാഹാരത്തിൽ കുറവാണെങ്കിലും ഉള്ളുരുക്കുന്ന ഏകാന്തത ഇതിലെ നാടകങ്ങളെ തമ്മിൽ വേരുകളിൽ കുരുക്കിയിടുന്നു.

ഈ പുസ്തകത്തിലെ പത്തു നാടകങ്ങളും ഒടുവിൽ ഏകാന്തതയെന്ന തായ്‌വേരിലേയ്ക്ക് വരുന്നു. പക്ഷേ പല സാഹചര്യങ്ങളിലും മനുഷ്യൻ അതിജീവിക്കാൻ പഠിക്കുന്നുണ്ട്, അല്ലെങ്കിൽ അവൻ അതിനു ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ദൈവത്തിന്റെ തൊപ്പി അതിന്റെ രണ്ടാം പതിപ്പിലാണ്. നാടക വായന അത്രയൊന്നും ശക്തമാകേണ്ടതില്ലാത്ത ഒരു കാലത്തും അത് വായിക്കപ്പെടുന്നുണ്ടെങ്കിൽ ആ നാടകങ്ങൾക്ക് ഈ കാലത്തിനോട് ചേർന്ന് നിന്ന് കൊണ്ടും എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയാനുണ്ട് എന്നുതന്നെയാണ് അർഥം.

കാടിന് ആരാണ് ഉടയോൻ? കാടിന്റെ കണ്ണ് കണ്ടെത്താനുള്ള നാഗരികരായ മനുഷ്യരുടെ ഓട്ടത്തിൽ കാടിന് നഷ്ടപ്പെടുന്ന ഗന്ധവും കാഴ്ചയും മടക്കിക്കൊണ്ടു വരുവാൻ അത് നഷ്ടപ്പെടുത്തിയ മനുഷ്യന് ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ? ജോയ് മാത്യുവിന്റെ ദൈവത്തിന്റെ തൊപ്പി എന്ന നാടക സമാഹാരത്തിലെ കുരുതി എന്ന നാടകം വായിക്കുമ്പോൾ ഈ ചോദ്യം സ്വാഭാവികമായി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന സ്വന്തം പ്രതിബിംബത്തിനോട് ഉൾപ്പെടെ ചോദിക്കാൻ തോന്നും.

വയനാട് ചുരത്തിനു വേണ്ടി നഗരത്തിലെ മനുഷ്യന് വഴികാട്ടിയായ കരിന്തണ്ടന്റെ ബലിദാനത്തിന്റെ കഥ കൂടിയാണ്:കുരുതി. എത്ര കിട്ടിയാലും തീരാത്ത മനുഷ്യന്റെ ദുര അവനു നേടികൊടുത്തത് അടങ്ങാത്ത ജൈവിക സുഖങ്ങളാണെങ്കിൽ അത് നഷ്ടപ്പെടുത്തിയത് ചില ജൈവീക ഇടങ്ങളുടെ ആത്മാവിനെ ആണ്. ഒരിക്കലും തിരികെ കിട്ടാത്ത കാടിന്റെ ആനന്ദങ്ങളെയാണ്. നഷ്ടപ്പെടുന്ന മാനുഷിക ഇടപെടലുകളെ ഉദ്ദേശിച്ചു മാത്രമല്ല, നിശബ്ദമായി പോകുന്ന കാടിന്റെ ഹൃദയത്തെ ഓർത്തും എഴുത്തുകാരൻ ആധി കൂട്ടുന്നുണ്ട് എന്നും കുരുതി പറയുന്നു.

പൊരിഞ്ഞുയർന്നു

കൊത്തിപ്പറക്കുന്ന കോഴികൾ

പൊലിയുന്ന തൂവലുകൾ

മാരിയായ് പൊഴിയുന്നു

കരളിലെ വേദന കൊക്കിലൂടാർത്തു

അപരന്റെ നെഞ്ചിലൊരു

ചോരക്കിണർ കുഴിക്കുന്നു.,

യഥാർത്ഥത്തിൽ ഇന്ന് വേട്ടയാടപ്പെടുന്നവർ ആരാണ്? വേട്ടക്കാർ ആരാണ്? എൺപതുകളിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പിന്നാമ്പുറത്തെ ബലിയാക്കപെടലുകളെ കുറിച്ചുള്ള ഈ ചെറുനാടകം പക്ഷേ കാലം കടന്നു ഇന്ന് വായിക്കുമ്പോൾ ഒരുപക്ഷേ അന്നത്തെക്കാൾ പ്രസക്തമാണെന്ന് ഉറപ്പിക്കാം. എന്തിനു വേണ്ടിയാണ് അണികൾ? പോരെടുത്തു പരസ്പരം ചാവാൻ വെമ്പുന്ന, രക്തം കണ്ടാലും ആർത്തിയും ആവേശവും അടങ്ങാത്ത ഒരു വലിയ കൂട്ടം ചാവേർ അണികൾ എല്ലാ കാലത്തും എല്ലാ പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിന്റെ സാംഗത്യത്തെ വളരെ കൃത്യമായി ചോദ്യം ചെയ്യുകയാണ് ജോയ് മാത്യു വേട്ട എന്ന നാടകത്തിൽ. രണ്ടു പേജിലെ കവിത്വം തുളുമ്പുന്ന വരികളിൽ ഇന്നിന്റെ രാഷ്ട്രീയവും മുടിയഴിച്ചു ആർത്തു നിലവിളിക്കുകയും കുതികാൽ വെട്ടുകയും അണികളെ ആവേശഭരിതരാക്കുകയും ചെയ്യുന്നു. പിന്നെയൊടുവിൽ ഉടമകളുടെ ആവേശം തീർക്കാൻ അങ്കത്തട്ടിൽ എത്തിക്കുന്ന കോഴികളെ പോലെ അവർ പരസ്പരം കൊത്തിയും വെട്ടിയും രക്തപ്പുഴ ഒരുക്കുകയും സ്വയം രക്തമായി തീരുകയും ചെയ്യുന്നു. രൂപകത്തിന്റെ ഏറ്റവും മനോഹരമായ നേർസാക്ഷ്യമാണീ നാടകം.

ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു?, ജോയ് മാത്യുവിന്റെ ദൈവത്തിന്റെ തൊപ്പി യിലെ മൂന്നാമത്തെ നാടകം സ്വത്വബോധത്തിന്റെ ഏറ്റവും സത്യസന്ധമായ തുറന്നിടീലാണ്. ഒരുകാലത്ത് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ തകർച്ച ഒരു കൂട്ടം മനുഷ്യരെ എങ്ങനെയാണ് ബാധിച്ചത് എന്നുള്ള സാക്ഷ്യപത്രങ്ങളാണ് ഈ നാടകത്തിലെ കഥാപാത്രങ്ങൾ. ജോസഫിന് ആത്മഹത്യ ചെയ്യാതിരിക്കാൻ ആകുമായിരുന്നില്ല. ഏകാന്തത സഹിക്കാനാകാതെ, പ്രക്ഷുബ്ധമായ യൗവ്വനത്തിന്റെ ഉന്മാദങ്ങളും ഭ്രാന്തുകളും പ്രണയത്തിന്റെ നീക്കിയിരിപ്പുകളും താങ്ങാൻ കഴിയാതെ, ചിതറിപ്പോയ വിശ്വാസങ്ങളുടെ നാഴികമണികൾ ചലിക്കാതെയായപ്പോൾ അയാൾക്ക് ആത്മഹത്യ ചെയ്യാതെയിരിക്കാൻ കഴിയുമായിരുന്നില്ല.

പക്ഷേ അതിജീവിക്കുന്നവർ യേശുവിനു നൽകിയ അന്ത്യഅത്താഴത്തിനു മുന്നിൽ നിറഞ്ഞ നെഞ്ചുമായി ഭക്ഷണം കഴിക്കുന്നവർ! അവർ ഉള്ളിൽ കരയുകയും ഭ്രാന്തു പകർന്നെന്ന പോലെ അലറി ചിരിക്കുകയും ചെയ്യുന്നുണ്ട്, മുന്നോട്ടു വഴികളിൽ കനത്ത ഇരുട്ടും നൈരാശ്യവും ഏകാന്തതയും മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുന്നുണ്ട്, പക്ഷേ ജോസഫിന്റെ വഴി തിരഞ്ഞെടുക്കാൻ പോലുമുള്ള ചങ്കൂറ്റം അവരിൽ അവശേഷിക്കുന്നില്ല. അവരെല്ലാം സ്വയം ജോസഫിന്റെ ഒറ്റുകാരാണെന്നു ഓരോരുത്തരും തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്, അവനവന്റെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അതിരൂക്ഷമായ ഗന്ധത്തെ താങ്ങാനാകാതെ സ്വയമേവ ഓടിരക്ഷപ്പെടാൻ തയാറാകുന്നവർ… ഒരുപക്ഷേ ആ ഏകാന്തതകളിൽ നിന്ന് അവരൊക്കെയും എന്നെങ്കിലും എങ്ങോട്ടെങ്കിലും രക്ഷപെട്ടിരിക്കുമോ?

ഒറ്റ മിനിറ്റിൽ തീരുന്ന നാടകമാണ് തീരശ്ശീല. തിരശ്ശീലയും നൂറോളം വരുന്ന അഭിനേതാക്കളും അഞ്ചോ ആറോ വരുന്ന കാണികളും മാത്രമുള്ള നാടകം. സ്വയം കാണികൾ തന്നെ അഭിനേതാക്കളായി മാറുന്ന നാടകം. ചില സാഹചര്യങ്ങളിൽ മറുവശങ്ങളിലിരുന്നു ചിന്തിക്കേണ്ടതിന്റെ പ്രസക്തികൾ എടുത്തു പറയുന്നു. എഴുത്തുകാരന് എന്തുദ്ദേശിച്ചും അയാളുടെ കൃതിയെ പകർത്തി വയ്ക്കാം, പക്ഷേ കാഴ്ചക്കാരന്റെ കണ്ണുകൾ എപ്പോഴും എഴുത്തുകാരന്റെയും അദ്ദേഹത്തിന്റെ എഴുത്തിന്റെയും ഹൃദയത്തിലേക്ക് ചേർന്നിരിക്കണം. തിരശ്ശീല പോലും പ്രധാന കഥാപാത്രമാകുന്ന നാടകവും അങ്ങനെയൊരു ശ്രദ്ധ പിടിച്ചു വാങ്ങുന്നുണ്ട്. കാണികൾ കഥാപാത്രങ്ങളാകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, ഒട്ടും സജ്ജീകരിക്കപ്പെടാത്ത സദസ്സും ഏറെ കൃത്യതയോടെ ഒരുക്കപ്പെട്ട വേദിയും ചിലപ്പോൾ ചില നാടകങ്ങളിലും ജീവിതങ്ങളിലും ആവശ്യം തന്നെ.

പത്തുനാടകമാണ് ദൈവത്തിന്റെ തൊപ്പി എന്ന നാടക സമാഹാരത്തിൽ ഉള്ളത്. ഒന്നും മറ്റൊന്നിനോട് ചേർന്ന് നിൽക്കുന്നില്ലെങ്കിൽ പോലും ഇവയെല്ലാം പറഞ്ഞു വരുന്ന അടിസ്ഥാന ബോധം ഏകാന്തതയുടെയും അടിമ ബോധത്തിന്റെയുമാണ്. ഓരോ മനുഷ്യനും അവനവന്റെ തന്നെ ചിന്തകളുടെയോ അല്ലെങ്കിൽ മറ്റൊരു വിശ്വാസത്തിന്റെയോ അടിമകളായി മാറുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവർ എത്ര പേരുണ്ടാകും?

എല്ലാവർക്കും വേണ്ടത് അവരവർ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങളും അവയ്ക്ക് പാകമാകുന്ന തൊപ്പികളുമാണ്. തൊപ്പിയില്ലാത്തത് ദൈവത്തിനു മാത്രമാണ്, പക്ഷേ ദൈവത്തിന്റെ വിരലുകൾ തൊടുമ്പോൾ വേഷങ്ങളൊക്കെ അഴിച്ചുവച്ച് പച്ചമനുഷ്യനായി തീരാനാണ് ആത്മബോധം നിർദ്ദേശിക്കുക. അതത്ര എളുപ്പമാണോ? ഉന്മാദം കെട്ടഴിച്ചു വിടുന്ന കഥാമുഹൂർത്തങ്ങളും ഭാഷാരീതിയുമാണ് ഈ സമാഹാരത്തിലെ ഓരോ നാടകങ്ങളും. അതുകൊണ്ടുതന്നെ വായിച്ചു കഴിഞ്ഞാലും ഇതിലെ പല കഥകളും നിങ്ങളെ പിന്തുടർന്നേക്കാം… അതുകൊണ്ടു അതീവ സാഹസികരാണ് നിങ്ങളെങ്കിൽ മാത്രം ഈ നാടക സമാഹാരം കയ്യിലെടുക്കാം… പക്ഷേ പിന്നെയുള്ള നിമിഷങ്ങളിൽ വായനക്കാർ സ്വയം അഴിഞ്ഞു വീഴുകയും ഉന്മാദങ്ങളിൽ പെട്ട് ജോസഫിന്റെ ആത്മഹത്യയുടെ കാരണങ്ങൾ തിരയുകയും രാധികയുടെ ഭ്രാന്തമായ ആവേശമായി തീരുകയും ഒക്കെ ചെയ്തേക്കാം. ഇനിയെല്ലാം വായനക്കാരൻ തീരുമാനിക്കട്ടെ, എഴുത്തുകാരന്റെ ആഗ്രഹവും അതുതന്നെ ആയിരിക്കണം!

by Sree parvathi

 

മൂന്നാമൻ വരുമ്പോൾ കത്തുന്ന വീടുകൾ

buy now

മൂന്നാമൻ വരുമ്പോൾ കത്തുന്ന വീടുകൾ…
വീടുകൾ കത്തുന്നു
നാടകങ്ങൾ
ജോയ് മാത്യു
പ്രസാധകർ : മാതൃഭൂമി
വില : 140  രൂപ
ചില വായനകൾ അങ്ങനെയാണ്, ഉന്മാദിക്കണോ, നിലവിളിക്കണോ എന്ന് മനസ്സിലാവില്ല.. ശ്വാസം മുട്ടലുണ്ടായേക്കാം, ചിലപ്പോൾ നിസംഗത തോന്നിയേക്കാം , പ്രണയവും തോന്നിയേക്കാം…വായന അപൂർണമാണോ എന്നും തോന്നിയേക്കാം, പക്ഷെ വായിക്കാതെ ഇരിക്കാൻ ആവുന്നതേയില്ലല്ലോയെന്നു പരവശപ്പെട്ടു പോകുന്നുണ്ട്…
മൂന്നു നാടകങ്ങളുടെ സമാഹാരമാണ് ജോയ് മാത്യുവിന്റെ “വീടുകൾ കത്തുന്നു” എന്ന പുസ്തകം. മധ്യധരണ്യാഴി, സങ്കടൽ, വീടുകൾ കത്തുന്നു എന്ന മൂന്നു നാടകങ്ങൾ നേർ രേഖയിൽ ഇങ്ങനെ സഞ്ചരിക്കുമ്പോൾ വെറുതെ തോന്നുന്നു, കത്തുന്ന എത്രയോ വീടുകളിൽ കൂടി കഴിഞ്ഞ ദിവസവും കയറിയിറങ്ങിയിട്ടില്ലേ എന്ന്…. വീടിനു മുറ്റത്തെ കടൽ എന്ത്‌കൊണ്ടാണ് ഇത്രമാത്രം നിശബ്ദമായി പോകുന്നതെന്ന്…
ജോയ് മാത്യുവിന്റെ നാടകങ്ങൾ ആഘോഷങ്ങളുടെ കതിനകൾ പൊട്ടിച്ച് ഒച്ച ഉയർത്തുന്നവയല്ല. ഏറ്റവും നിശബ്ദമായി മനുഷ്യനെ നോക്കുകയും അവരുടെ ഹൃദയത്തെ അതിന്റെ എല്ലാ വശങ്ങളിലൂടെയും സഞ്ചരിച്ച് അതിലെ മുറിവുകൾ കണ്ടെത്തുകയും അതിൽ കൂടുതൽ വലിയ ദ്വാരങ്ങളുണ്ടാക്കി ചോര വാർക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ്. പുറമേയ്‌ക്കു കാണുന്ന തിരമാലകൾ അലച്ചാർക്കുന്ന കടലല്ല എഴുത്തുകാരന്റെ ആരും അറിയാത്ത ശാന്തമായ കടൽ. അവിടെ അലകൾ ഉയരുന്നത് പുറത്തല്ല, ഏറ്റവും അടിത്തട്ടിൽ മാത്രം.മൂന്നു നാടകങ്ങൾ, മൂന്നും പറയുന്നത് ഒരേ ജീവിത വശങ്ങളുടെ നേർസാക്ഷ്യങ്ങൾ. വളരെ ശാന്തമായി മുന്നോട്ടൊഴുകിയ ജീവിതങ്ങളിൽ മൂന്നാമതൊരാൾ കടന്നു വരുമ്പോൾ അപ്രതീക്ഷിതമായി ജീവിതങ്ങളിൽ സംഭവിക്കുന്ന വളരെ കൃത്യമായ കാര്യങ്ങളെ നാടകങ്ങളിലുമുള്ളൂ, പക്ഷെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് ആ മൂന്നാമനും അയാൾ കത്തിക്കുന്ന മനസ്സുകളും ഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ഉള്ള ഓരോ സന്ദേശ ഇടങ്ങളിൽ കൂടിയും അഗ്നിസ്ഫുലിംഗങ്ങൾ പോലെ പടരുന്നുണ്ട് .
സങ്കടൽ ആണ് ഏറ്റവും കടുപ്പമേറിയതും ഏറ്റവും പരന്നു കിടക്കുന്നതും. ഒരു നാടകമെഴുത്തുകാരൻ അദ്ദേഹത്തിന്റെ ഭാര്യയേയും കൊണ്ട് വളരെ വിചിത്രമായ ഒരു ഹോട്ടലിൽ താങ്ങാൻ വരുന്നതോടെ ആരംഭിക്കുന്ന നാടകം അവസാനിക്കുന്നത് അവർക്കിടയിലേക്ക് കടന്നു വരുന്ന ഒരു മൂന്നാമൻ, അയാളുടെ വ്യക്തിത്വം അപ്പോഴും കൃത്യമല്ലെങ്കിൽ പോലും അയാൾ സ്വയം ചുറ്റും നടക്കുന്ന പല സത്യസന്ധമായ അനുഭവങ്ങളിൽ നിന്നും ഒളിച്ചോടുന്നിടത്താണ്. പലപ്പോഴും പുരുഷൻ ജീവിത സാഹചര്യങ്ങളിൽ ഒളിച്ചോട്ടത്തിനു തയ്യാറാകുന്നവനും സ്ത്രീ എന്തിനും ഏതിനും ധൈര്യമുള്ളവളും ആയി തീരുന്നുണ്ട്. ഈ മൂന്നു നാടകങ്ങളിലുമുള്ള സ്ത്രീ കഥപാത്രങ്ങളെ എടുത്തു നോക്കുമ്പോൾ ആ വിലയിരുത്തൽ ശരിയുമാണ്.ഇതിലെ പുരുഷ കഥാപാത്രങ്ങൾ ഒന്ന് കൊലപ്പെടുത്തുവാനോ, സ്വയം മരിക്കുവാനോ എന്തിനു പ്രണയിക്കുവാൻ പോലും അശക്തരാണ്‌, പക്ഷെ സ്ത്രീകൾ വീടിനു പുറത്തേയ്ക്കു അവരുടെ നിഴലുകൾ  നീങ്ങുന്നില്ലെങ്കിൽ പോലും കൊലപ്പെടുത്തുവാനും പ്രണയം സ്ഥാപിക്കുവാനും വിജയിയാകുവാനായും പ്രയത്നിക്കുന്നവളാണ്. അവിഹിത ബന്ധങ്ങളിൽ ഒരുപോലെ സ്ത്രീയും പുരുഷനും പങ്കു വഹിക്കുന്നവരാകുന്നുണ്ട് ഈ നാടകങ്ങളിൽ എല്ലാം തന്നെ, അല്ലാതെ കുറ്റങ്ങൾ ഒരാളുടെ ചുമലിൽ താങ്ങി ആരും രക്ഷപെടാൻ ശ്രമിക്കുന്നതേയില്ല.
വിചിത്രമായ രുചികളാൽ വിചിത്രമായ ആൾക്കാരാൽ വന്നു പോകപ്പെടുന്ന ആ ഹോട്ടൽ സങ്കടലിന്റെ തീരത്താണ്. കറുത്ത കടൽ വഹിക്കുന്നത് എത്രയോ കഥകളുടെ ആത്മാക്കളെയാണെന്നു നാം കണ്ടെത്തുന്നുണ്ട്. ഹോട്ടൽ ബോയ് പറയുന്നതും അപരിചിതൻ പറയുന്നതും ഭർത്താവ് പറയുന്നതുമായ കഥകളിൽ നിന്നും നായികയായ സുനിതയ്ക്ക് ഒരുപക്ഷെ ഏറ്റവും ഇഷ്ടമായത് അപരിചിതന്റെ ശലഭങ്ങളുടെ കപ്പൽ കഥയായിരിക്കണം. അല്ലെങ്കിലും പ്രണയത്താൽ ചാലിച്ച സങ്കട കഥകൾ തന്നയാണല്ലോ മനുഷ്യന്റെ ഭാഗധേയം തീരുമാനിക്കുന്നത്. ചില ബന്ധങ്ങൾ എത്ര നേർത്ത നൂലിഴകൾ കൊണ്ടാണ് നെയ്തു വച്ചിരിക്കുന്നത് ഈ കാലം! അത്തരം ബന്ധങ്ങളുടെ ഇഴയില്ലായ്മയെ ഒരു അപരിചിതന്റെ സഹായത്തോടെ പൊട്ടിച്ചെറിയുമ്പോൾ കാലം കൈകൊട്ടി ചിരിക്കും എന്നത് ഉറപ്പാണ്. മുറി മാറി കയറി വന്ന കഥാപാത്രങ്ങൾ ഈ പുസ്തകത്തിലെ എല്ലാ നാടകങ്ങളിലും പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നവരാണ്. ഒരുപക്ഷെ ആ അപരിചിതർ തന്നെയാണ് നാടകത്തിന്റെ പ്രധാന കർമ്മികളും. സ്വയമറിയാതെ കർമ്മങ്ങളിലേയ്ക്ക് ചെന്ന് വീഴുന്നവർ. ഉള്ളിൽ ഒരുപാട് സങ്കടം പേറുന്ന ആ കറുത്ത കടലിനോടു ഒടുവിൽ ഇഴ പൊട്ടിച്ചെറിഞ്ഞ കണ്ണികൾ ചെന്ന് പതിക്കുമ്പോൾ കഥാ നായികയുടെ ഹൃദയത്തിൽ എന്തായിരുന്നിരിക്കണം! ഈ ഭൂമിയിലെ ഏറ്റവും വലിയ നിസ്സംഗതയായിരിക്കണം അവൾ അവിടെ നിന്ന് അനുഭവിച്ചിട്ടുണ്ടാവുക.
എല്ലായിടങ്ങളിലും ഒരു മൂന്നാമന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന അലോസരങ്ങളുണ്ട്. ആ മൂന്നാമൻ ചിലപ്പോൾ മനുഷ്യനോ വിധിയോ എന്തുമാകാം. ഈ നാടകങ്ങളിലെല്ലാം തന്നെയും അത്തരം ഒരു മധ്യസ്ഥൻ എത്തുന്നുണ്ട്. എന്തിനു ഒരു മൂന്നാമൻ എത്തുമ്പോൾ വീടുകൾ കത്തണം? ഈ ചോദ്യം മനുഷ്യന്റെ മനസ്സിനോളം ആഴമുള്ളതാണ്. ഏറ്റവും അസംതൃപ്തമായി ജീവിക്കുമ്പോഴും പുറമേയ്ക്ക് റോൾ മോഡലുകളായി ജീവിതം ജീവിക്കുന്ന ദമ്പതികളുടെ ഇടയിലേക്കാണ് ഈ മൂന്നാമൻ എത്തി ചേരുന്നത്. അതുവഴി ഉള്ളിൽ കെട്ടി കിടക്കുന്ന അസംതൃപ്തികൾ പിന്നെ ഒരു കടൽ പോലെ തിരമാലകൾ ഉയർത്തി തുടങ്ങുന്നു. പിന്നെ അതുവരെ ശാന്തമായി കിടക്കുന്ന സങ്കടലുകൾ പതുക്കെ ഇരമ്പമുയർത്താൻ തുടങ്ങും. മൂന്നു നാടകങ്ങളിലും ഒരുപക്ഷെ ഈ കടലിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയും. മനസ്സാണ് ഇവിടെ കടൽ… ചിലപ്പോൾ ജീവിതങ്ങളും…
 പേര് പോലെ തന്നെയാണ് “വീടുകൾ കത്തുന്നു” എന്ന നാടകം. കത്തുന്നത് ഓരോ സമൂഹത്തിലെയും എണ്ണമറ്റവീടുകളാണ്. കാമുകന്റെ ഭാര്യ മറ്റൊരാളുടെ കാമുകിയാവുകയും കാമുകിയുടെ ഭർത്താവ് മറ്റൊരാളുടെ കാമുകനാവുകയും ചെയ്യുമ്പോൾ പരസ്പരം വിട്ടു കൊടുക്കലാണോ അതോ സ്വയം ഇല്ലാതായി തീർക്കുകയാണോ വേണ്ടത്! ഒരു തോക്കിൻ കുഴലിൽ ഇരുവരെയും നിർത്തി പക തീർക്കാതെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവനെ പോലെ കാമുകിയുടെ ഭർത്താവ് കാമുകന്റെ ഭാര്യയെ ഒരു കാഴ്ചക്കാരിയായി ക്ഷണിക്കുമ്പോൾ അവിടെ അടച്ചിട്ട മുറിയ്ക്കുള്ളിൽ മറ്റു ചില രംഗങ്ങൾ അവതരിക്കപ്പെടുന്നു. അവരാണ് കാമുകനും കാമുകിയും… മറ്റാരുടെയോ വീടുകളുടെ ഭാഗമാണ് എന്നറിഞ്ഞിട്ടും പരസ്പരം ഒറ്റയായി തീർന്നവർ.., അവൾക്ക് ചോദിക്കാതിരിക്കാൻ വയ്യ,
ഞാനേതു വേഷമാണ് സ്വീകരിക്കുക എന്ന അവളുടെ ചോദ്യത്തിന്, നിനക്കിഷ്ടമുള്ള വേഷം എന്ന് അയാളുടെ മറുമൊഴി. നിന്നെ മുഴുവനായി ലഭിക്കുന്ന വേഷമേതോ അത് മതിയെന്ന് അവളുടെ ആഗ്രഹം… നീ തന്നെ അതും തീരുമാനിക്കൂ എന്ന് അവന്റെ സങ്കടം…
പക്ഷെ എപ്പോഴും സ്വയം തിരഞ്ഞു താൻ ആരാണെന്നു മനസ്സിലാക്കാൻ കഴിയാതെ പോയ നായകന് കാമുകിയ്ക്ക് എങ്ങനെയാണ് തന്നെ നൽകേണ്ടതെന്ന് മനസ്സിലാകുന്നതേയില്ല.
അസംതൃപ്തരാണ് എഴുത്തുകാരന്റെ കഥാപാത്രങ്ങൾ . എത്രമാത്രം പ്രണയം ലഭിച്ചാലും എത്രത്തോളം ആഗ്രഹങ്ങൾ നടന്നാലും സങ്കടലിൽ നിന്ന് അവർക്കായി കയറി വരുന്ന ഒരു ദേവതയെ അവർ എപ്പോഴും പ്രതീക്ഷിച്ച് കൊണ്ടേയിരിക്കും. ആ ദേവതയ്ക്കു വേണ്ടി ഒരു മടിയുമില്ലാതെ കടലിന്റെ അടിത്തട്ടിലേക്ക് സങ്കടലിലെ ഒരു കഥാനായകൻ താണിറങ്ങിയത് പോലെ പോവുകയും ചെയ്യും. പക്ഷെ ഒരിക്കലും സംതൃപ്തി കിട്ടാതെ കഥാപാത്രങ്ങളെല്ലാം ഒടുവിൽ അവനവനെ തന്നെ ചോദ്യം ചെയ്യും. പിന്നെയും ആവർത്തിക്കുന്ന കാത്തിരിപ്പുകൾ, പ്രണയത്തിന്റെയും മോഹങ്ങളുടെയും കലമ്പലുകൾ…
ജോയ് മാത്യുവിന്റെ നാടകങ്ങളിലെല്ലാമുള്ള ഒരു കഥാപാത്രം തന്നെയാണ് രക്തം. രക്ത തബലയിലെയും സങ്കടലിലെയും വീടുകൾ കത്തുന്നു എന്നതിലേയുമൊക്കെ ഒരു സവിശേഷ രംഗമായി രക്തം ചൊരിയുന്നുണ്ട്. വെറും ചോരയല്ല മുറികളിലൂടെ പരന്നൊഴുകുന്നത്, മറിച്ച് സങ്കടലിന്റെ നിശ്ശബ്ദതകൾ പേറി തകർന്നു പോയ എഴുത്തുകാരന്റെ തന്നെ രക്തമാണെന്നു തിരിച്ചറിയാം. സ്വന്തം രക്തം ഒഴുകിയൊഴുക്കി ഒടുവിൽ നിശബ്ദയായ കടലിന്റെ ഉള്ളിലെ ഇരമ്പം വായനയിൽ പോലും അനുഭവിക്കാം. ശരീരം മുറിഞ്ഞ കബന്ധം ആസുര താളങ്ങളിൽ നൃത്തം വയ്ക്കുമ്പോൾ പക്ഷെ പതറിപോകാത്തതു എവിടെയും സ്ത്രീ മാത്രമായിരിക്കും.
പുസ്തകത്തിലെ ആദ്യ നാടകമായ മധ്യാരണ്യാഴിയിലും സംഭവിക്കുന്നത് മറ്റൊന്നല്ല. മധ്യവർത്തിയായ ഒരു കുടുംബത്തിൽ കടന്നു വരുന്ന ആ മൂന്നാമന് ഉടലില്ല… ഉടൽ നഷ്ടപ്പെട്ട ഒരു തല പക്ഷെ അവരുടെ ജീവിതത്തിലെ അസ്വാരസ്യങ്ങളും ആധികളും പുറത്തേയ്ക്ക് കൊണ്ട് വരാൻ പരിശ്രമിക്കുന്നുണ്ട്.തെറ്റുകൾ ചെയ്യുക എന്നിടത്ത്‌ നിന്നും അതിന്റെ ശിക്ഷ ആ തെറ്റിന്റെ ഭാഗമായി അനുഭവിക്കുന്നവനല്ല  , തെറ്റ് ചെയ്യുന്നവന് മാത്രമാണെന്ന ബോധ്യം ഇതിലെ കഥാപാത്രങ്ങൾ ഉറക്കെ പറയുന്നു. സംഘർഷങ്ങളുടെ ഭൂമികയാണ് മനസ്സുകൾ.. നഷ്ടപ്പെടുന്ന വിപ്ലവവും പ്രണയവുമൊക്കെ ആധികളാക്കി കൂടെ കൊണ്ട് നടക്കുന്ന എഴുത്തുകാരൻ എന്ത് ചെയ്തിട്ടാണ് അവസാനം സ്വസ്ഥനാകേണ്ടത് എന്ന് സ്വയം അന്വേഷണം നടത്തുന്നുണ്ട് , ഒരുപക്ഷെ എല്ലായിടങ്ങളിലും പരാജയപ്പെട്ടു ചോര വാർന്നു പോകുന്നുണ്ടെങ്കിലും ഓരോ നാടകങ്ങളിലും ആ അന്വേഷണം തുടരുക തന്നെയാണ്…
വായന തീർക്കുമ്പോൾ കരച്ചിലുകൾ വന്നു മൂടി. കഥാപാത്രങ്ങളുടെ നൈരന്തര്യമോർത്തതല്ല.അവർക്ക് സംഭവിക്കേണ്ടത് മാത്രമേ സംഭവിച്ചുള്ളൂ, അല്ലെങ്കിലും എന്ത് സംഭവിച്ചു എന്നാണു, വിധിയ്‌ക്കൊപ്പം നിന്ന് കളി കണ്ടതേയുള്ളൂ, പക്ഷെ നാടകം മനസ്സിലിങ്ങനെ കഥാപാത്രങ്ങൾ അഭിനയിച്ച് അരങ്ങു അരങ്ങു തകർക്കുന്നതാകുമ്പോൾ കത്തി പടർന്ന നെഞ്ചു ആധി കയറി മൂടിയതാകണം. വിഭ്രമിപ്പിക്കുന്ന കാവ്യനീതിയില്ലായ്മയാണ് ഈ നാടകങ്ങളെല്ലാം പേറുന്നത്. അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തന്റെ വിവരക്കേടുകൾ… സമൂഹത്തിന്റെ നല്ല നടപ്പിൽ നിന്നും മാറി നടക്കുന്നവർ തന്നെയാകുമല്ലോ ഭ്രാന്തന്മാർ…ഒരുപാട് വിവരമുണ്ടെന്നു നടിക്കുന്നവർക്കിടയിൽ ഞാൻ ഇങ്ങനെയൊന്നുമില്ലാ എന്ന് സ്ഥാപിക്കുന്നവരുമാണല്ലോ അവർ… അപ്പോൾ അവർ ചെയ്യുന്നത് വിവരക്കേടാകാതെ എങ്ങനെ…

 

സങ്കടൽ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?
സങ്കടങ്ങൾ പേറുന്ന കടലിന്റെ വിലാപങ്ങൾ കേൾക്കാമായിരുന്നു ആ ഇരുട്ടു നിറഞ്ഞ മുറിയിൽ. പ്രകാശം മുഴുവൻ വേദിയിൽ മാത്രമായി സംഭരിച്ചതു പോലെ, ആ വെളിച്ചങ്ങളുടെ ദുഃഖങ്ങൾ അവിടെ നിൽക്കുന്ന കഥാപാത്രങ്ങളുടെ മുഖത്തിൽ നിറച്ചുമുണ്ട്. കടലാണോ മനുഷ്യനാണോ സങ്കടങ്ങളെ പേറുന്നതെന്നു ചോദിച്ചാൽ എന്ത് പറയണം? എന്തുതന്നെയായാലും ഇവ രണ്ടിന്റെയും ഹൃദയവ്യഥകൾക്ക് ഏറെക്കുറെ സമാനതകളുണ്ട്. സുനിതയുടെ അട്ടഹാസം പോലെ കടൽ ഇടയ്ക്ക് വന്നു ആഞ്ഞടിക്കുന്നുന്നുണ്ട്.
കൊച്ചിയിലെ ആക്ട് ലാബിന്റെ നേതൃത്വത്തിലായിരുന്നു എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ നാടകം “സങ്കടൽ” പ്രദർശിപ്പിച്ചത്. ആക്റ്റ് ലാബിന്റെ നാടക പ്രദർശന മേളയുടെ ഭാഗമായി ആദ്യമായി നാടക മേള സംഘടിപ്പിക്കുമ്പോൾ അതിലെ ഉദ്‌ഘാടന നാടകമായിരുന്നു സങ്കടൽ. നാടക മേള ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ഇരുപത്തിരണ്ടു വർഷം മുൻപെഴുതിയ നാടകം ഓരോ തവണയും പലർ അതിനു രംഗപടം നൽകുമ്പോൾ സംവിധായകർ പൂരിപ്പിക്കുന്നത് എഴുത്തുകാരൻ വിട്ടു പോയ ഭാഗമാകാം. കാലങ്ങൾ എത്രത്തോളം മാറ്റങ്ങൾ വരുത്തുമ്പോഴും കടലിന്റെ ഏകാന്ത സങ്കടങ്ങൾ “സങ്കടൽ” വഹിക്കുന്നുണ്ട്. ഹക്കിം ഷാ, വിഷ്ണു, ഷിൻസ്, ഷംസീന എന്നിവരാണ് വ്യത്യസ്ത കഥാപാത്രങ്ങളെ അരങ്ങത്തു അവതരിപ്പിച്ചത്.
ഒരു കുടുബത്തിലേക്കുള്ള മൂന്നാമന്റെ വരവിനെ ആശ്രയിച്ചിരിക്കും ആ മനുഷ്യരുടെ ഹൃദയം സഞ്ചരിക്കുന്ന വഴികളെന്നു സങ്കടൽ പറയുന്നു. മൂന്നാമൻ വരുമ്പോൾ കത്തുന്ന വീടുകളുണ്ട്, അങ്ങനെ കത്തിയ മനുഷ്യരുടെ കഥയാണ് സങ്കടൽ. നാടകരചനയ്ക്കായി വീട് വിട്ടു വിചിത്രമായ ഹോട്ടലിൽ താമസത്തിനെത്തുന്ന നാടകകൃത്തിന്റെ ഭാര്യയാണ് അവൾ, സുനിത. ഏറ്റവും സാധാരണമായ കാര്യങ്ങൾ പോലും സാഹിത്യഭാഷയില്ലാതെ പറയാതിരിക്കാൻ ആകാത്ത ഭർത്താവ് അവൾക്കൊരു ബാധ്യതയൊന്നും ആയിരുന്നില്ല. പക്ഷെ ഇരുപത്തിരണ്ടു വർഷം മുൻപെഴുതിയ നാടകമാണെങ്കിൽ പോലും ഇക്കാലത്തു പോലും അത്രമേൽ പ്രസക്തമായ ഒരു ആശയം ഇതിലുണ്ട്. അസംതൃപ്തരായ മനുഷ്യരുടെ സങ്കടക്കടലുകൾ പേറുന്ന ഹൃദയത്തിന്റെ മുകളിലാണ് നാം പലപ്പോഴും ചിരിയുതിർക്കലിന്റെ ഉത്സവ ആഘോഷങ്ങൾ കാണുന്നത്. സ്വയം മറച്ചു പിടിച്ചുകൊണ്ടു അഭിനയിച്ചു ജീവിക്കുന്നവർ. അവരുടെ ഇടയിൽ പെട്ട ആ ദന്പതികൾ ഒടുവിൽ പൊട്ടി ചിതറുമ്പോൾ അവർക്കിടയിൽ നിൽക്കുന്ന മൂന്നാമൻ വെറുമൊരു കാമുകനായി അവശേഷിച്ചു പോകുന്നുണ്ട്.
അവൾക്ക് ആ മൂന്നാമൻ അപരിചിതനായിരുന്നു. അല്ലെങ്കിലും ഏതൊരു ജീവിതത്തിലേക്കും അയാൾ കടന്നു വരുമ്പോൾ അത്രമേൽ അപരിചിതനായിരിക്കും. പക്ഷെ കാലം പോകെ അപരിചിതത്വത്തിന്റെ മേലങ്കികൾ ഊരിയെറിഞ്ഞു അവിടെ അവർ ഭഗവതിക്കുളങ്ങളിൽ ഒന്നിച്ചു നീരാടുകയും അവന്റെ തോളിൽ തല ചായ്ച്ച് മയങ്ങുന്നവളായി തീരുകയും ചെയ്തേക്കാം. പക്ഷെ ഏതൊരാണും പ്രണയത്തിലും ജീവിതത്തിലും ഭീരുക്കളായി പോകുന്നത് എന്താണ്? പ്രായോഗീക ബുദ്ധി കൂടുതലുണ്ടെന്ന തിരിച്ചറിവ് സ്വയം ഉള്ളതുകൊണ്ടായിരിക്കുമോ? ഈ ചോദ്യം സുനിത ചോദിക്കേണ്ടത് അവളുടെ ഭർത്താവായ നാടക കൃത്തിനോടും പിന്നെ അവളെ തിരഞ്ഞു വരുന്ന മൂന്നാമനോടുമാണ്.
വിചിത്രമായ രുചികളാണ് ആ വിചിത്രമായ ഹോട്ടലിൽ. എല്ലാ ജീവിത രുചികളും അല്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ. ഭർത്താവിന് ഇഷ്ടപ്പെടുന്നത് പോലും പലപ്പോഴും ഭാര്യയ്ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. പക്ഷെ കഥകൾ കേൾക്കാനിഷ്ടമുള്ള നായികയായ സുനിതയ്ക്ക് സങ്കടലിന്റെ കഥകൾ കേൾക്കുന്തോറും ആ വിചിത്രമായ കഥകളുടെ ഭാഗമാകാൻ തോന്നിയിട്ടുണ്ടാവണം. കടൽ അവളിലേക്ക് പരകായക പ്രവേശം ചെയ്ത പോലെ…
കുടുംബത്തിലെ മടുപ്പുകളിൽ സ്വയം അടിച്ചമർത്തി ജീവിക്കുന്ന സ്ത്രീ പ്രതീകം തന്നെയാണ് സുനിത. വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് അയാൾ അവളെയും കൊണ്ട് ആദ്യമായി ഒരു യാത്ര പോകുന്നത്. അതും അവൾക്ക് ഇഷ്ടപ്പെടാത്ത വൈചിത്ര്യങ്ങൾ നിറഞ്ഞ ഒരു ഹോട്ടലിലെ ഏകാന്ത തടവുകാരിയായി. അവളുടെ ഏകാന്തത കടലിന്റേതുമാണ്. ആ സങ്കടം പേറുന്നത് കൊണ്ട് തന്നെ ഒരിക്കലും തിരമാലകൾ തിരയെ പുൽകാത്ത തിരയുടെ ഹുങ്കാരമില്ലാത്ത കറുത്ത കടൽ അവളെ നോവിച്ചു കൊണ്ടേ ഇരുന്നു. മൗനം അസഹനീയവും മടുപ്പു പരകോടി എത്തിയപ്പോഴുമാണ്, അവൾ അയാളെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും നടത്തുന്നതും. ആദ്യ രാത്രിയിൽ അവൾ അനുഭവിച്ച ബലം പ്രയോഗിച്ചുള്ള അയാളുടെ രതി പരീക്ഷണം മുതൽ അസഹനീയമായ അയാളുടെ വായ്‌നാറ്റം വരെയുള്ള അവളുടെ മടുപ്പുകൾ അവൾ പറഞ്ഞു പോവുകയായിരുന്നു. മൂന്നാമനിൽ അയാൾ അവളുടെ കാമുകനെ കണ്ടെത്തുമ്പോൾ അവളുടെ വാക്കുകളിൽ അയാൾ ഏറ്റവും അവശനാക്കപ്പെട്ട, പരാജയപ്പെട്ട ഭർത്താവായി തീരുന്നു.
അസംതൃപ്തമാണ് മനുഷ്യന്റെ മനസ്സ്. എത്ര കിട്ടിയാലും കിട്ടാത്തതിനെ ഓർത്തു നടുങ്ങുന്ന ഹൃദയമാണവർക്ക്. രതിയും ജീവിതവും ദാമ്പത്യവുമെല്ലാം അത്തരത്തിൽ അസംതൃപ്തമാക്കപ്പെട്ട എല്ലാ ജീവിതങ്ങൾക്ക് മുകളിലും സങ്കടൽ കറുത്തിരുണ്ട് കിടപ്പുണ്ട്. മനസിനുള്ളിൽ സങ്കടങ്ങൾ അടങ്ങി കിടക്കുമ്പോൾ ശാന്തമായി ഇരിക്കുകയും അസംതൃപ്തിയുടെ കെട്ടഴിഞ്ഞു മടുപ്പുകൾ വാക്കുകളായിക്കലഹാമാരംഭിക്കുമ്പോൾ ശാന്തത നഷ്ടപ്പെട്ടു ആർത്തു അലച്ചു തുടങ്ങുന്ന കടലാണത്. ആ കടൽ ഓരോരുത്തരുടെയും മനസ്സ് തന്നെ. രംഗപടത്തിൽ നിന്നും നായിക കടലിനെ നോക്കുമ്പോൾ അത് വന്നു വീഴുന്നത് കാഴ്ചക്കാരുടെ നേർക്കായിരുന്നു. പ്രേക്ഷകരുടെ മുഖത്ത് നോക്കുമ്പോൾ അവൾ കാണുന്നത് മുഖങ്ങൾക്കപ്പുറം ഉള്ളിൽ തിരകളുയർന്നു കൊണ്ടിരുന്ന പുറമേയ്ക്ക് ശാന്തമായിരുന്ന കടലുകളായിരുന്നോ?
നാടകത്തിൽ നുണ പറയാൻ ബുദ്ധിമുട്ടാണെന്ന് ഉദ്ഘാടന പ്രസംഗ വേളയിൽ ജോയ് മാത്യു പറയുന്നു. സങ്കടലിലെ ഓരോ കഥാപാത്രങ്ങളായി വിഭജിക്കപ്പെട്ടു പോയതിന്റെ സംഘർഷം അദ്ദേഹത്തെ എത്രനാൾ പിന്തുടർന്നിരിക്കണമെന്നു ഓരോ രംഗങ്ങളും ഓർമ്മിപ്പിച്ചു. ജോയ് മാത്യുവിന്റെ ഇരുപത്തിരണ്ടോളം നാടകങ്ങളിൽ നിന്നും സങ്കടൽ തിരഞ്ഞെടുത്തതിൽ കാരണം അത് ഇന്നത്തെ കാലത്തിന്റെ കഥയാണ് എന്നത് തന്നെയാകും. ഇരുപതു വർഷങ്ങൾക്ക് മുൻപെഴുതിയ നാടകം ഒരുപക്ഷെ അന്നത്തെക്കാൾ പ്രസക്തമാവുക ഇന്ന് തന്നെയാണല്ലോ. ഉള്ളിൽ ഉലയുന്ന ആത്മസംഘർഷങ്ങൾ അടക്കി പിടിക്കാനാകാതെ പൊട്ടി ചിതറുന്ന അലയടിക്കുന്ന കറുത്ത കടലുകളാണ് ഓരോ സ്ത്രീകളും ഇപ്പോൾ. ഒരായിരം സങ്കടങ്ങളെ പേറിക്കൊണ്ട് തന്നെയാണ് ഓരോ മനുഷ്യനും അവനവന്റെ ഭൂമികയിൽ നിലനിൽക്കുന്നത്. അതിലേയ്ക്ക് വീശുന്ന ഓരോ കാറ്റുകളും അവരെ ഇളക്കി മറിക്കുന്നുണ്ട്. അതിൽ നിന്നൊക്കെ അപ്പുറം പുരുഷനേക്കാൾ ശക്തി പ്രാപിക്കുന്ന സ്ത്രീയുടെ തീരുമാനങ്ങൾ , അവളുടെ ഉറപ്പുകൾ, എന്നിവ സങ്കടൽ പ്രഖ്യാപിക്കുന്നു.പ്രണയത്തിലും ജീവിതത്തിലും പുരുഷൻ എത്രമാത്രം ഭീരുവും സ്ത്രീവിരുദ്ധനും പിന്നോക്കം നടക്കുന്നവനും ആകുന്നുണ്ടെന്നു സങ്കടലിലെ നായിക സദസ്സിൽ ഇരിക്കുന്ന ഓരോ പുരുഷന്റെയും മുഖത്ത് നോക്കി ഉറക്കെ പറയുന്നു. , അല്ല, അവൾ കടലിനോടായിരുന്നുവല്ലോ പറഞ്ഞത്!പക്ഷെ അത് കേട്ടിരിക്കുന്ന പുരുഷന്റെ ചങ്കിൽ തറച്ചിട്ടുണ്ടാകാമെന്നുറപ്പ്.
സങ്കടൽ ഒരു ഹൃദയവേദനയായിരുന്നു. കാണുന്നവന്റെ നെഞ്ചിലെന്തോ കൊരുത്തു വലിക്കും പോലെ. പക്ഷെ മനസുകൾ ഇളകി മറിയുമ്പോൾ കടലിന്റെ ശബ്ദം അത്രത്തോളം ഉയരാത്തത് പോലെ… സാങ്കേതികമായ ബുദ്ധിമുട്ടുകളാകാം, പക്ഷെ അവ കഥാപാത്രങ്ങളുടെ ചാതുരിയ്ക്ക് മുന്നിൽ ഒടുങ്ങി പോകുന്നു. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം എഴുതിയ നാടകം കണ്ടു മിനുട്ടുകൾ നീണ്ട കയ്യടി നൽകിയ സദസ്യർ എഴുത്തുകാരന്റെ ഹൃദയം നിറയ്ക്കുന്നു.

 

Review by Sree Parvathi